പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും ഗോമൂത്രം മികച്ച പരിഹാരമെന്ന് യുപി മന്ത്രി

google news
cowurine

ഉത്തര്‍പ്രദേശ് : പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും ഗോമൂത്രം മികച്ച പരിഹാരമെന്ന് ബി.ജെ.പി മന്ത്രി. പ്രശ്നപരിഹാരത്തിന് ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് യുപിയിലെ ക്ഷീര വികസന മന്ത്രി ധരംപാല്‍ സിംഗ് പറയുന്നത്.മീററ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ച്‌ പറഞ്ഞത്.പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതമോ ആത്മാവോ നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച്‌ പോവുമെന്നാണ് ധരംപാല്‍ സിംഗിന്റെ കണ്ടുപിടുത്തം. കൂടാതെ വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും ഇയാള്‍ പറയുന്നു. പശുവിനെ വളര്‍ത്തുന്നതിന്‍റെ ഗുണങ്ങളെക്കുറിച്ചും ധരംപാല്‍ സിംഗ് വിശദീകരിച്ചു.

പശു സകല ദൈവങ്ങളുടെ വാസസ്ഥലമാണ്. സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ചാണകത്തില്‍ വസിക്കുന്നുണ്ടെന്നും ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളതെന്നും മന്ത്രി പറയുന്നു. ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരംപാല്‍ സിംഗ് പറഞ്ഞു.ചാണകവും ഗോമൂത്രവും ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും എന്നുറപ്പാക്കല്‍ തങ്ങളുടെ ലക്ഷ്യമാണെന്നും അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും ധരംപാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. തെരുവുകളില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്‍കയ്യെടുത്ത് പരിപാലിക്കണമെന്നും ധരംപാല്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

Tags