കുഴല്‍ കിണറില്‍ വീണ മൂന്നു വയസുകാരിയുടെ മൃതദേഹം 10 ആം ദിവസം പുറത്തെടുത്തു
ജയ്പൂര്‍: രാജസ്ഥാനിലെ കോട് പുത്തലിയില്‍ 10 ദിവസമായി കുഴല്‍ കിണറില്‍ കുടുങ്ങിയ 3 വയസുകാരിയുടെ മൃതദേഹം പുറത്തെടുത്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചേതനയെന്ന പെണ്‍കുട്ടിയാണ് കുഴല്‍കിണറില്‍ വീണത്.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 700 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ കഴിഞ്ഞ മാസം 23 നാണ് ചേതന വീണത്.
പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡില്‍ കൊളുത്ത് വെച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തില്‍ കുരുക്കിട്ട് മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനായി നിരവധി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. പക്ഷേ പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.
ഡിസംബര്‍ 23നാണ് അച്ഛന്റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസിന്റെയും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.