ഡോണാൾഡ് ട്രംപിനെ ‘അമേരിക്കൻ ദേശീയവാദി’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ


ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ‘അമേരിക്കൻ ദേശീയവാദി’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഡൽഹി യൂനിവേഴ്‌സിറ്റിയിലെ ഹൻസ്‌രാജ് കോളജിൽ നടന്ന ഇന്ററാക്ടീവ് സെഷനിൽ സംസാരിച്ച ജയശങ്കർ, ശക്തമായ ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധത്തിന് ഊന്നൽ നൽകുകയും ചെയ്തു.
ട്രംപ് ഇന്ത്യയുടെ സുഹൃത്താണോ ശത്രുവാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ജയശങ്കർ ഇതു പറഞ്ഞത്. ‘ഞാൻ അടുത്തിടെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഞങ്ങൾക്ക് അവിടെ നല്ല പരിഗണന ലഭിച്ചു.
അദ്ദേഹം ഒരു അമേരിക്കൻ ദേശീയവാദിയാണെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു വാക്കുകൾ.
ട്രംപിന്റെ നയങ്ങൾ ആഗോള നയതന്ത്രത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. ഇന്ത്യയുടെ വിദേശ നയം ദേശീയ താൽപര്യത്തിനനുസരിച്ച് നയിക്കപ്പെടും.
‘അതെ, ട്രംപ് ഒരുപാട് കാര്യങ്ങൾ മാറ്റും. ചില കാര്യങ്ങൾ സിലബസിന് പുറത്തായിരിക്കാം. പക്ഷെ, രാജ്യതാൽപര്യം കണക്കിലെടുത്ത് നങ്ങൾ വിദേശ നയങ്ങൾ സിലബസിന് പുറത്തും നടത്തും. നമ്മൾ തമ്മിൽ വ്യത്യാസമുള്ള ചില വിഷയങ്ങളുണ്ട്. പക്ഷേ, കാര്യങ്ങൾ നമ്മുടെ കോർട്ടിൽ ആയിരിക്കുന്ന നിരവധി മേഖലകൾ ഉണ്ടാകും - അദ്ദേഹം പറഞ്ഞു.