വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു; വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

child death

ഫരീദാബാദ്: ഹരിയാനയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സിക്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. 6, 8, 10 വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

മരിച്ച മൂന്ന് പേരും സഹോദരങ്ങളാണ്. ആറ് വയസ്സുള്ള ആദിലും എട്ട് വയസ്സുള്ള മുസ്കാനും 10 വയസ്സുള്ള ആകാശുമാണ് മരിച്ചത്. ധർമേന്ദ്ര കുമാർ എന്നയാളുടെ മക്കളാണിവർ. അപകടത്തിൽപ്പെട്ട കുട്ടികളെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പഴയ ഒരു കെട്ടിടത്തിലാണ് കുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടത്തിന്‍റെ ബലക്ഷയം കാരണമാണ് ബാൽക്കണി തകർന്നതെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിലെ ബാക്കിയുള്ളവരെ മാറ്റിത്താമസിപ്പിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറുമെന്ന് സെക്ടർ 58 എസ്എച്ച്ഒ കൃഷൻ കുമാർ പറഞ്ഞു. അതേസമയം കെട്ടിടത്തിന്‍റെ ബലക്ഷയം അറിഞ്ഞിട്ടും വാടകയ്ക്ക് നൽകിയ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

Tags