പുരി ജഗന്നാഥ രഥമഹോത്സവത്തിന് തുടക്കമായി; മഹാരഥ യാത്രയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും

puri jaganatha

ഭുവനേശ്വർ: പ്രശസ്തമായ പുരി രഥമഹോത്സവത്തിന് തുടക്കമായി. അതിരാവിലെ നടന്ന മം​ഗള ആരതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. മഹാരഥ യാത്രയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഈ വർഷം രണ്ട് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 1971ന് ശേഷം ഇതാദ്യമായാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. രഥയാത്രയുടെ സു​ഗമമായ നടത്തിപ്പും രാഷ്ട്രപതിയുടെ സുരക്ഷയും കണക്കിലെടുത്ത് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥന്‍റെയും സഹോദരന്‍ ബലഭദ്രന്‍റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്‌മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങളോടെ  രഥയാത്രയില്‍ നേരിട്ട് പങ്കുകൊള്ളാന്‍ വന്‍ തോതിലാണ് ഭക്തര്‍ പുരിയിലേക്ക് എത്തിയിരിക്കുന്നത്. സന്ദർശനത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷയ്‌ക്കായി 15,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

puri

നൂറ്റാണ്ടുകളുടെ പഴക്കമുളള ജഗന്നാഥ രഥയാത്ര എല്ലാ വർഷവും നടത്തപ്പെടാറുണ്ട്. ശ്രീകൃഷ്നും സഹോദരങ്ങളായ സുഭദ്രയും ബാദഭദ്രനും കൂടി ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് ഈ രഥോത്സവം. ഏറ്റവും മുന്നിലായി ബലരാമന്റെ രഥം, തൊട്ടു പിന്നിൽ സുഭദ്രയുടെ രഥം, ഏറ്റവും പുറകിലായി ജഗനാഥേശ്വരന്റെ രഥം എന്നിങ്ങനെയാണ് പോകുന്നത്. തങ്ങളുടെ മാതാവിന്‍റെ സഹോദരിയുടെ വീട്ടിലേക്ക് ഇവർ മൂന്നുപേരും പോകുന്നതായാണ് വിശ്വാസം. പുരി ജഗനാഥ ക്ഷേത്രത്തിൽ നിന്നും രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തു പോയി ഇവിടെ വിഗ്രഹങ്ങൾ വയ്ക്കുന്നു.തുടർന്ന് 'ബഹുദ യാത്ര' എന്നറിയപ്പെടുന്ന മടക്കയാത്ര ഒമ്പത് ദിവസത്തിന് ശേഷമാണ് നടത്തപ്പെടുക. ഒരേ സമയം ആയിരക്കണക്കിന് പേർ ചേർന്നാണ് രഥം വലിക്കുന്നത്. രഥങ്ങൾ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും.

ശ്രീകോവിലിനുള്ളിൽ വസിക്കുന്ന ദൈവങ്ങളെ എല്ലാ ജനങ്ങൾക്കും നേരിട്ട് കാണാനുള്ള ഒരവസരമായാണ് ഇതിനെ വിശ്വാസികൾ കണക്കാക്കുന്നത്. രഥയാത്രയിൽ പങ്കെടുത്താൽ മോക്ഷം നേടാമെന്ന വിശ്വാസവും ഉണ്ട്.