രണ്ട് കുട്ടികളെയടക്കം കാര്‍ തട്ടിക്കൊണ്ടുപോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

car

രണ്ട് കുട്ടികളെയടക്കം തട്ടികൊണ്ടുപോയ കാര്‍ പൊലീസ് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി 11.40ന് ന്യൂഡല്‍ഹി ലക്ഷ്മി നഗര്‍ ഏരിയയിലാണ് സംഭവം നടന്നത്. രണ്ടും 11ഉം വയസ്സുള്ള കുട്ടികളെ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ കാറിനുള്ളിലിരുത്തി മാതാപിതാക്കള്‍ അടുത്തുള്ള കടയില്‍ പോയപ്പോഴാണ് സംഭവം.
ഈ സമയം ഡോര്‍ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കുട്ടികളെയുമടക്കം കാറുമായി കടന്നുകളയുകയയിരുന്നു. രക്ഷിതാക്കള്‍ കടയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെയും കാറും കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഈ സമയത്തിനുള്ളില്‍ കുട്ടികളുടെ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട മോഷ്ടാവ് 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഇതോടെ കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചയുടന്‍ പൊലീസ് സാങ്കേതിക സഹായത്തോടെ കാറിന്റെ റൂട്ട് കണ്ടെത്തി പിന്തുടരാന്‍ തുടങ്ങി. 20 പൊലീസ് വാഹനത്തിന്റെ സഹായത്തോടെ അതിസാഹസികമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് കുട്ടികളെയും കാറും കണ്ടെത്തിയത്. മൂന്ന് മണിക്കൂറിനുള്ളില്‍ അന്വേഷണ സംഘം കുട്ടികളെയും കാറും കണ്ടെത്തുകയായിരുന്നു. പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ട് കുട്ടികളെയും സുരക്ഷിതരായി പിന്നീട് പൊലീസ് രക്ഷിതാക്കളുടെ സമീപത്തെത്തിച്ചു.
പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ തട്ടികൊണ്ടുപോയവര്‍ നിരന്തരമായി റൂട്ട് മാറ്റികൊണ്ടിരിക്കുന്നു.
പ്രതിയുടെ കൈയ്യില്‍ കത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളുമുണ്ടായിരുന്നു. കാറിനുള്ളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍, വിലകൂടിയ മൊബൈല്‍ എന്നിവയുണ്ടായിരുന്നെങ്കിലും ഇവയൊന്നും പ്രതി മോഷ്ടിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇതിനായി സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags