ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ശാഖ സന്ദര്‍ശിച്ചിട്ടുണ്ട് ; അവകാശവാദവുമായി ആര്‍എസ്എസ്
ആര്‍എസ്എസുമായി അംബേദ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വിശ്വ സംവാദ് കേന്ദ്ര പറയുന്നു.
ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി രാഷ്ട്രീയ സ്വയം സേവക സംഘം മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര. 1940 ല്‍ മഹാരാഷ്ട്രയിലെ സത്താരയിലുള്ള ആര്‍എസ്എസ് ശാഖ അംബേദ്കര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വ സംവാദ് കേന്ദ്രയുടെ വാദം. ആര്‍എസ്എസുമായി അംബേദ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും വിശ്വ സംവാദ് കേന്ദ്ര പറയുന്നു.
1940 ലെ സന്ദര്‍ശനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരെ 'സ്വയം സേവകര്‍' എന്നാണ് അംബേദ്കര്‍ അഭിസംബോധന ചെയ്തതെന്നും വിശ്വ സംവാദ് കേന്ദ്ര പറയുന്നു. ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആത്മബന്ധത്തോടെയാണ് താന്‍ സംഘത്തെ കാണുന്നതെന്ന് അംബേദ്കര്‍ പറഞ്ഞുവെന്നും വിശ്വ സംവാദ് കേന്ദ്ര ചൂണ്ടിക്കാട്ടി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് പൂനെയില്‍ നിന്നുള്ള മറാത്തി പത്രത്തില്‍ 1940 ജനുവരി ഒന്‍പതിന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പകര്‍പ്പും വിശ്വ സംവാദ് കേന്ദ്ര പുറത്തുവിട്ടു.
1934 ല്‍ മഹാരാഷ്ട്രയിലെ വര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പില്‍ മഹാത്മാ ഗാന്ധി സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും വിശ്വ സംവാദ് കേന്ദ്ര അവകാശപ്പെടുന്നുണ്ട്. വിവിധ ജാതിയിലും മതത്തിലുമുള്ളവര്‍ സംഘത്തിലുണ്ടെന്ന് അന്ന് അദ്ദേഹം മനസിലാക്കിയിരുന്നുവെന്നും വിഎസ്‌കെ ഉന്നയിക്കുന്നു. ആര്‍എസ്എസ് ഇന്ത്യന്‍ പതാകയെ ആദരിക്കാത്തവരാണെന്നുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും വിശ്വ സംവാദ് കേന്ദ്ര കൂട്ടിച്ചേര്‍ത്തു.