ജയിലില്‍ സംഘര്‍ഷം ; കെട്ടിടങ്ങള്‍ തകര്‍ത്തു,തീയിടാന്‍ ശ്രമം ; സംഘര്‍ഷ ദൃശ്യങ്ങള്‍ തടവുകാര്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയത് പുറത്തുവന്നു
ജയിലിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പ്രദേശം മുഴുവന്‍ പടര്‍ന്നത്.
പഞ്ചാബിലെ കപൂര്‍ത്തല ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രി 8:30ഓടെയാണ് ജയില്‍ വളപ്പില്‍ ഈ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തര്‍ക്കമാണ് പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പ്രകോപിതരായ തടവുകാര്‍ ജയിലിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. പ്രധാനമായും നാലാം നമ്പര്‍ ബാരക്കിന്റെ ഭിത്തികള്‍ തടവുകാര്‍ തകര്‍ക്കുകയും ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു.
ജയിലിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പ്രദേശം മുഴുവന്‍ പടര്‍ന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ തടവുകാര്‍ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. സംഘര്‍ഷത്തിന് പിന്നാലെ തടവുകാര്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ പൊലീസ് വെടിവെയ്പ്പ് നടത്തിയെന്നും ഒരു തടവുകാരന് വെടിയേറ്റതായും ഈ വീഡിയോകളില്‍ തടവുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അധികൃതര്‍ അറിയിച്ചു.
.jpg)

