ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി

gujrat

സൂറത്ത്: ഗുജറാത്തിൽ കനത്തമഴയിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതല്‍ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടത്തിന് എട്ട് വർഷത്തെ പഴക്കമേയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം. 

എന്നാല്‍ കെട്ടിടം നിര്‍മിച്ചത് അനധികൃതമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30-ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍, അഞ്ച് ഫ്‌ളാറ്റുകളില്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. 

Tags