യു.പിയിൽ മഹാഭാരതകാലത്തെ ശിവലിംഗം തകർത്തു ; ഒരാൾ അറസ്റ്റിൽ
ലഖ്നോ: മഹാഭാരതകാലത്തെ ശിവലിംഗം തകർത്തതിന് യു.പിയിൽ ഒരാൾ അറസ്റ്റിൽ. ഉന്നാവോയിലെ ബില്ലേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് സംഭവം നടന്നത്. വിഗ്രഹം തകർത്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് അവദേഷ് കുർമി എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാൾക്ക് വിഷാദ രോഗമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുർവ കോത്‍വാലി മേഖലയിൽ പുർവ-മൗരവാൻ റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നു.
മഹാഭാരതകാലത്തുള്ളതാണ് ശിവലിംഗം എന്നതാണ് വിലയിരുത്തലെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അഖിലേഷ് സിങ് പറഞ്ഞു. നിരാശകൊണ്ടാണ് ശിവലിംഗം തകർത്തതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ ഭാര്യക്ക് ഗുരുതരമായ രോഗമുണ്ടെന്നും അഖിലേഷ് സിങ് കൂട്ടിച്ചേർത്തു.
ഇതിന് അടുത്തുണ്ടായിരുന്ന മറ്റൊരു ശിവലിംഗവും ഇയാൾ തകർത്തിട്ടുണ്ട്. വിശ്വാസികളുടെ വികാരത്തെ വലിയ രീതിയിൽ വ്രണപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന് ഹിന്ദു ജാഗരൺ മഞ്ചിന്റെ അജയ് ത്രിവേദി പറഞ്ഞു. ഹസ്തിനപുരിയിലേക്കുള്ള യാത്രക്കിടെ കൃഷ്ണനും അർജുനനും ഇവിടെ വിശ്രമിച്ചുവെന്നും ശിവലിംഗമുണ്ടാക്കി പൂജിച്ചുവെച്ചുവെന്നുമാണ് ഐതിഹ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർഥാടകർക്കിടയിൽ വലിയ പ്രാധാന്യമുള്ള ക്ഷേത്രമാണ് ബിലേശ്വർ മഹാദേവ് ക്ഷേത്രം. ഇവിടത്തെ കുളത്തിൽ സ്നാനം ചെയ്താൽ പാപങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം.