സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് സ്വദേശി തന്നെ ; തെളിവുകള്‍ ലഭിച്ചതായി മുംബൈ പൊലീസ്


തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ഇയാള്‍ 1994 മാര്‍ച്ച് മൂന്നിനാണ് ജനിച്ചതെന്ന് വ്യക്തമാകുന്നു.
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് സ്വദേശി തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി മുംബൈ പൊലീസ്. പ്രതി ശരീഫുള്‍ ഇസ്ലാമിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സിന്റെ ലേര്‍ണേസുമാണ് മുംബൈ പൊലീസിന് ലഭിച്ചത്. ഇതില്‍ നിന്നും ഇയാള്‍ ബംഗ്ലാദേശ് സ്വദേശി തന്നെയാണെന്ന് ഉറപ്പിക്കുകയാണ്.
തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും ഇയാള്‍ 1994 മാര്‍ച്ച് മൂന്നിനാണ് ജനിച്ചതെന്ന് വ്യക്തമാകുന്നു. മുഹമ്മദ് റുഹുള്‍ ഇസ്ലാമാണ് ശരീഫുള്‍ ഇസ്ലാമിന്റെ പിതാവ്. ലേര്‍ണേര്‍സ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഇയാള്‍ മധ്യ ബംഗ്ലാദേശിലെ ബാരിസള്‍ സ്വദേശിയാണെന്ന് മനസിലാകും. 2019 നവംബറിലാണ് ലേണേര്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
12ാം ക്ലാസ് വരെ പഠിച്ച ശരീഫുള്‍ മേഘാലയ വഴി ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെത്തിയതെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്. പശ്ചിമ ബംഗാളില്‍ താമസിച്ച് ബിജോയ് ദാസ് എന്ന് പേര് മാറ്റിയ ഇയാള്‍ മൊബൈല്‍ സിം കാര്‍ഡിന് വേണ്ടി അവിടുത്തെ ഒരു പ്രാദേശിക താമസക്കാരന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. പിന്നീട് തൊഴില്‍ അന്വേഷിച്ചായിരുന്നു ശരീഫുള്‍ മുംബൈയിലെത്തിയത്.
