വിവാഹ മോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു ; ഭര്‍ത്താവ് ജീവനൊടുക്കി

suicide
suicide

വിവാഹമോചന കേസില്‍ ജീവനാംശമായി ഭാര്യ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

ഭാര്യയുടെ പീഡനത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കര്‍ണാടകയില്‍ ഹുബ്ബള്ളി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന പീറ്റര്‍ ഗൊല്ലപ്പള്ളിയുടെ മരണത്തിലാണ് ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചന കേസില്‍ ജീവനാംശമായി ഭാര്യ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

ജനുവരി 26നായിരുന്നു പീറ്ററിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.തന്റെ മരണത്തിന് കാരണക്കാരി ഭാര്യ ഫീബയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. പിന്നാലെ പീറ്ററിന്റെ സഹോദരന്‍ ജോയല്‍ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഫീബയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

രണ്ട് വര്‍ഷം മുന്‍പായിരുന്നു പീറ്ററിന്റെയും സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ഫീബയുടേയും വിവാഹം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ നിരന്തരം വഴക്കായി. ഒത്തുപോകാന്‍ കഴിയില്ലെന്നായപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹമോചന ഹര്‍ജി കോടതിയിലുടെ പരിഗണനയിലാണ്. തിങ്കളാഴ്ച കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ ജീവനാശംമായി 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പീറ്ററിനെ മാനസികമായി തളര്‍ത്തിയതായി കുടുംബം ആരോപിച്ചു. ഫീബയ്ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags