രാഷ്ട്രീയ പാർട്ടികൾ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണം : രാജീവ് കുമാർ


ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ പ്രതിലോമകരമായ പ്രചാരണങ്ങളും തെറ്റായ ആഖ്യാനങ്ങളും ഒഴിവാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അഭ്യർഥിച്ചു. ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് യുവജനങ്ങളിൽ നിരാശ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾക്ക് കമീഷൻ രേഖാമൂലം മറുപടി നൽകും. സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നിർദേശങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം ഭരണഘടനയെ പരിഹസിക്കുകയും വോട്ടർമാരെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലാണെന്ന കോൺഗ്രസിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.