'റാഗിംഗ് നിരുപദ്രവകരമായ ആചാരമല്ല, മിഹിറിന്റെ മരണം തന്നെ തകര്‍ത്തുകളഞ്ഞു'; സാമന്ത

mihir
mihir

ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഹാഷ്ടാഗോടെയാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുളളത്.

 തൃപ്പൂണിത്തറയില്‍ പതിനഞ്ചുകാരന്‍ ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടി സാമന്ത. വിദ്യാര്‍ത്ഥിയുടെ മരണം തന്നെ തകര്‍ത്തു കളഞ്ഞു. റാഗിംഗ് നിരുപദ്രവകരമായ ആചാരമല്ലെന്ന ഓര്‍മപ്പെടുത്തലാണ് മിഹിറിന്റെ മരണം. 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലര്‍ ഒരാളെ മരണത്തിലേക്ക് തളളിവിട്ടു. തിളക്കമുളള യുവജീവനാണ് നമുക്ക് നഷ്ടമായതെന്നും നടി സാമൂഹിക മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ പറഞ്ഞു.

ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഹാഷ്ടാഗോടെയാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുളളത്. ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, റാഗിംഗ് എന്നിവ ആചാരങ്ങളല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് മിഹിറിന്റെ മരണം. മാനസികവും ശാരീരികവും ചിലപ്പോള്‍ വൈകാരികവുമാകാറുണ്ട് ഇതില്‍ ഏതാണെങ്കിലും റാഗിംഗ് ആക്രമം തന്നെയാണെന്നും നടി അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്ത് കര്‍ശനമായ റാഗിംഗ് വിരുദ്ധ നിയമങ്ങളുണ്ടെന്ന് തോന്നുന്നു. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ നിശ്ശബ്ദത പാലിക്കുന്നു, സംസാരിക്കാന്‍ ഭയപ്പെടുന്നു. എവിടെയാണ് നമ്മള്‍ പരാജയപ്പെടുന്നത്. ഇത് വെറും അനുശോചനങ്ങള്‍ കൊണ്ട് അവസാനിക്കരുത്. മിഹിറിന് നീതി ലഭിക്കണം. സത്യം മൂടിവെയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, കുട്ടിയെ മരണത്തിലേക്ക് നയിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സാമന്ത ആവശ്യപ്പെട്ടു.

ഒരാളെ ഭീഷണിപ്പെടുത്തുന്നത് കണ്ടാല്‍ അത് തടയുകയും അതിജീവിച്ചവരെ പിന്തുണയ്ക്കുകയും വേണം. ഭയവും വിധേയത്വവുമല്ല, സഹാനുഭൂതിയും ദയയും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. മിഹിറിന് വേണ്ടിയുളള നീതി കൊണ്ട് അര്‍ത്ഥമാക്കുന്നത് മറ്റൊരാള്‍ക്കും ഇങ്ങനെ സംഭവിക്കരുത് എന്നാണ്. അവനോട് നമ്മള്‍ അത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നും സാമന്ത പറഞ്ഞു.

Tags