‘പ്രിലിമിനറി പരീക്ഷ റദ്ദാക്കണം’ ; അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രശാന്ത് കിഷോര്‍

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രശാന്ത് കിഷോര്‍
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രശാന്ത് കിഷോര്‍

പട്‌ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബിപിഎസ്സി) കഴിഞ്ഞ മാസം നടത്തിയ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജന്‍ സൂരജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കണം, പുതിയ പരീക്ഷ നടത്തണം എന്നിവയാണ് ആവശ്യങ്ങള്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപിച്ചാണ് പ്രതിഷേധം.

ഡിസംബര്‍ 13ന് നടന്ന ബിപിഎസ്സി പ്രിലിമിനറി പരീക്ഷയില്‍ ക്രമക്കേടുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയോളമായി ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. അതിനിടെയാണ് പ്രശാന്ത് കിഷോര്‍ ഐക്യദാര്‍ഢ്യവുമായെത്തിയത്.പട്‌നയിലെ ഗാന്ധി മൈതാനത്താണ് പ്രശാന്ത് കിഷോര്‍ സമരമിരിക്കുന്നത്.

പരീക്ഷ റദ്ദാക്കണമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണാന്‍ പോലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറായില്ലെന്ന് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു.

Tags