തൊട്ടരുകില്‍ നെഞ്ചുവേദനയുമായി രോഗി; റീല്‍സ് കണ്ട് ഡ്യൂട്ടി ഡോക്ടര്‍; യുപിയില്‍ 60 കാരിയ്ക്ക് ദാരുണാന്ത്യം

doctor
doctor

ഡോക്ടര്‍ മൊബൈല്‍ നോക്കി ഇരിക്കുന്ന ആശുപത്രിയിലെ സിസിടിവി ദൃശ്യം പുറത്തുവന്നു.

ഡോക്ടറുടെ അനാസ്ഥമൂലം രോഗിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലെ മഹാരാജ തേജ് സിങ് ജില്ലാ ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പരിഗണിക്കാതെ ഡ്യൂട്ടി ഡോക്ടര്‍ റീല്‍സ് കണ്ടിരുന്നു. ഇതിനിടെ ഹൃദയാഘാതം മൂലം രോഗി മരിക്കുകയായിരുന്നു. പ്രവേഷ് കുമാരി എന്ന 60കാരിയാണ് അതിദാരുണമായി മരിച്ചത്. രോഗി തൊട്ടരുകില്‍ നെഞ്ചുവേദനകൊണ്ട് പുളയുന്നതും ഇതിനിടെ ഡോക്ടര്‍ മൊബൈല്‍ നോക്കി ഇരിക്കുന്നതുമായ ആശുപത്രിയിലെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു പ്രവേഷ് കുമാരിയെ മകന്‍ ഗുരുശരണ്‍ സിംഗും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം ആദര്‍ശ് സെന്‍ഗര്‍ എന്ന ഡോക്ടറായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. നെഞ്ചുവേദന കൊണ്ട് അമ്മ നിലവിളിക്കുന്നത് കണ്ട് പല തവണ ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും റീല്‍സ് കണ്ടിരിക്കുകയായിരുന്നുവെന്ന് ഗുരുശരണ്‍ സിംഗ് പറഞ്ഞു. ഇതിനിടെ അമ്മയെ പരിശോധിക്കാന്‍ ഒരു നഴ്സിംഗ് സ്റ്റാഫിനെ ഡോക്ടര്‍ പറഞ്ഞയച്ചെന്നും ഗുരുശരണ്‍ സിംഗ് ആരോപിച്ചു.


അല്‍പസമയം കഴിഞ്ഞപ്പോള്‍ അമ്മയുടെ സ്ഥിതി വളരെ മോശമായെന്നും ഗുരുശരണ്‍ പറഞ്ഞു. ഈ സമയത്തും ഡോക്ടര്‍ അമ്മയെ പരിശോധിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തങ്ങള്‍ ഡോക്ടറുടെ സമീപത്തുപോയി ബഹളംവെച്ചു. അതിന് ശേഷമാണ് ഡോക്ടര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറയത്. അമ്മയെ പരിശോധിക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്റെ മുഖത്തടിച്ചു. ഈ സമയം ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്നും ഗുരുശരണ്‍ സിംഗ് പറഞ്ഞു.

പ്രവേഷ് കുമാരി മരിച്ചതോടെ ബന്ധുക്കളുടെ നിയന്ത്രണം വിട്ടു. ബന്ധുക്കള്‍ ഡോക്ടറോട് കയര്‍ക്കുകയും തര്‍ക്കം രൂക്ഷമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടെ ചീഫ് മെഡിക്കല്‍ സുപ്പീരിയന്‍ഡന്റ് ഡോ. മദന്‍ ലാലും പൊലീസ് സന്നാഹവും അവിടേയ്ക്ക് എത്തി. പൊലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു.

Tags