മിശ്രവിവാഹം ചെയ്ത യുവതിയെ ചങ്ങലയ്ക്കിട്ട് വീട്ടുതടങ്കലിലാക്കി മാതാപിതാക്കൾ


ജൽന : മഹാരാഷ്ട്രയിൽ മിശ്ര വിവാഹത്തെ തുടർന്ന് മാതാപിതാക്കൾ വീട്ടു തടങ്കലിലാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. വിവാഹത്തിൽ ഇഷ്ട്ടക്കേടുണ്ടായിരുന്ന മാതാപിതാക്കൾ രണ്ട് മാസത്തോളമായി മകളെ വീട്ടിൽ ചങ്ങലയിലിട്ടിരിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ബോംബെ ഹൈകോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിർദ്ദേശത്തെ തുടർന്നാണ് തിങ്കളാഴ്ച പൊലീസ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് രക്ഷപ്പെടുത്തിയ ഷഹനാസ് എന്ന സോണാലിന്(20) വിവാഹത്തിൽ മൂന്ന് വയസ്സുള്ള ആൺകുട്ടിയുണ്ട്.
രണ്ട് മാസം മുമ്പ് കുട്ടിയുമായി തന്റെ മാതാപിതാക്കളെ കാണാൻ പോയ യുവതിയെ തിരികെ ഭർത്താവിന്റെ അടുത്തേക്ക് പോകാൻ അനുവദിക്കാതിരിക്കുകയും വീട്ടിൽ ചങ്ങലക്കിടുകയും ചെയ്യുകയായിരുന്നു. ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചത്.
പൊലീസ് വീട്ടിൽ പരിശോധന നടത്തുകയും ഷഹനാസിനെയും മകനെയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സർക്കാർ അഭിഭാഷകൻ വഴി ഭർത്താവിന് കൈമാറിയതായും പൊലീസ് പറഞ്ഞു.
മാതാപിതാക്കൾക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും യുവതി പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
