വനിത ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ

menstruation
menstruation

ഭുവനേശ്വർ: വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും.

വനിത ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന ഉപമുഖ്യമന്ത്രി പ്രവതി പരിദയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ്.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങളും കുടുംബപരമായ ചുമതലകളും കണക്കിലെടുത്ത് നേരത്തെ ബി.ജെ.ഡി സർക്കാർ 10 അധിക അവധികൾ അനുവദിച്ചിരുന്നു. ഇതിന് പുറമെ രണ്ട് അവധികൾ കൂടിയാണ് വർഷത്തിൽ ലഭിക്കുക. പുരുഷന്മാർക്ക് വർഷത്തിൽ 15 കാഷ്വൽ അവധികളാണ് നിലവിൽ ലഭിക്കുന്നത്.

ജീവനക്കാർക്ക് ആർത്തവാവധി വേണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങളും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ മാതൃക ചട്ടം ഉണ്ടാക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് നയപരമായ ​കാര്യമാണെന്നും കോടതി പരി​ഗണിക്കേണ്ടതല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

 

Tags