‘വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു’ ; നിതിൻ ഗഡ്കരി
ഡൽഹി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അപകടം പറ്റിയ ആളെ അഡ്മിറ്റ് ചെയ്യുകയും രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയിൽ നിന്ന് വർധിപ്പിക്കും. 2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ അവരുടെ കുടുംബത്തിനും ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിക്കുന്നവർക്കും 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.