നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കാന്‍ സാധ്യത

neet pg exams

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷ ഓണ്‍ലൈന്‍ ആക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗികമായ ഒരു തീരുമാനമോ ആലോചനകളോ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഇങ്ങനെയിലൊരു സാധ്യതയും പരിഗണനയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നീറ്റ് ക്രമക്കേട് പരിശോധിച്ച സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് അംഗീകരിച്ച സുപ്രീം കോടതി ക്രമക്കേട് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചുവോയെന്ന് പരിശോധിക്കുമെന്നും എന്‍ടിഎയും കേന്ദ്ര സര്‍ക്കാരും എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നും പറഞ്ഞിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നു. ചോര്‍ച്ച സംഘടിതമായ ഒരു തട്ടിപ്പായിരുന്നുവെന്നും ചോദ്യങ്ങളെല്ലാം തലേദിവസം തന്നെ ചോര്‍ന്നുവെന്നതിനുള്ള തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ചോദ്യങ്ങള്‍ ടെലഗ്രാമില്‍ ചോര്‍ന്നുവെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ഗൗരവത്തിലെടുത്ത കോടതി എന്‍ ടി എയോട് ചോദ്യപേപ്പര്‍ ചോര്‍ന്നത് ശരിയല്ലേ എന്ന ചോദ്യം ഉന്നയിച്ചു. എന്നാല്‍ ചില ഇടങ്ങളില്‍ മാത്രമേ ചോര്‍ന്നിട്ടുള്ളു എന്നായിരുന്നു എന്‍ ടി എയുടെ മറുപടി. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാരിനും എന്‍ ടി എയ്ക്കും കോടതിയില്‍ മറുപടി പറയാനുള്ള അവസാന ദിവസം. മറുപടി തൃപ്തികരമല്ലെങ്കില്‍ ഈ വീഡിയോ ദൃശ്യങ്ങളുടെയടക്കം അടിസ്ഥാനത്തില്‍ കോടതി പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടേക്കാം.

Tags