സെയ്ഫിനെതിരായ ആക്രമണത്തിൽ വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ളി മുംബൈ പൊലീസ്

saif ali khan
saif ali khan

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നടന്‍റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ വിരലടയാളം പിടികൂടിയ പ്രതിയുടേതല്ലെന്ന മാധ്യമ വാർത്തകൾ തള്ളി മുംബൈ പൊലീസ്. വിരലടയാളങ്ങൾ ഒത്തുപോകുന്നില്ലെന്ന വിവരം തെറ്റാണെന്ന് മുംബൈ പൊലീസ് ജോയിന്‍റ് കമീഷണർ സത്യനാരായണൻ ചൗധരി പറഞ്ഞു. വിരലടയാള പരിശോധനയുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമീഷണർ ദീക്ഷിത് ജെദാം പറഞ്ഞു.

മുംബൈ പൊലീസ് ഫോറൻസിക് സംഘം നടന്‍റെ വീട്ടിൽനിന്ന് 19 വിരലടയാളങ്ങളാണ് ശേഖരിച്ചത്. ഇത് ശാസ്ത്രീയ പരിശോധനകൾക്കായി സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു (സി.ഐ.ഡി) കീഴിലുള്ള ഫിംഗര്‍പ്രിന്‍റ് ബ്യൂറോക്ക് അയച്ചുകൊടുത്തിരുന്നു. അതേസമയം, വിരലടയാള പരിശോധന റിപ്പോർട്ട് മുംബൈ പൊലീസിന്‍റെ ഫൊറൻസിക് ലാബിന് അയച്ചുകൊടുത്തതായാണ് സി.ഐ.ഡിയിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കേസ് അന്വേഷിക്കുന്നത് മുംബൈ പൊലീസാണെന്നും അതിനാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും ഇദ്ദേഹം പ്രതികരിച്ചു.

വിരലടയാളങ്ങൾ പ്രതിയുടെതുമായി യോജിക്കുന്നില്ലെന്നും ഇത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയെന്നും ഇന്നലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി.ഐ.ഡി വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. സി.ഐ.ഡി ലാബിലാണ് വിരലടയാള പരിശോധന നടത്തുന്നത്. വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ലെന്ന കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവര്‍ തുടര്‍ പരിശോധനകള്‍ക്കായി കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സി.ഐ.ഡി ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം, പിടിയിലായ ബംഗ്ലാദേശി പൗരന്റെയും സെയ്ഫിന്റെ വീടിനുപുറത്തുള്ള സി.സി.ടി.വി കാമറയിൽ പതിഞ്ഞയാളുടെയും മുഖങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.

കാമറയിൽ പതിഞ്ഞയാളെയല്ല പൊലീസ് അറസ്റ്റുചെയ്തതെന്ന് പലകോണുകളിൽനിന്നു വിമർശനം ഉയർന്നിരുന്നു. പിടിയിലായ ഷെരിഫിന്‍റെ പിതാവും ഇതേ അഭിപ്രായമുന്നയിച്ചിരുന്നു. ജനുവരി 16ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റത്. നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറക്കുകയും ചെയ്തിരുന്നു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തിയുടെ ഭാഗം നീക്കം ചെയ്തത്. സംഭവത്തില്‍ ഒന്നിലധികം പ്രതികൾ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് പിടികൂടിയ പ്രതിയുടെ പിതാവ് പറയുന്നത്.

Tags