മോദി മണിപ്പൂരിലേക്ക് വരണം, ജനങ്ങളെ കേള്‍ക്കണം'; വീണ്ടും ആവശ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

rahul gandhi

പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം ആദ്യമായി മണിപ്പൂര്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കുകി  സോമി, മെയ്‌തേയ് വിഭാഗങ്ങളെ നേരിട്ട് കണ്ട് രാഹുല്‍ സംവദിച്ചു. ഇത് മൂന്നാം തവണയാണ് രാഹുല്‍ മണിപ്പൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

'ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളുടെ സഹോദരനായാണ്. നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ആളായാണ്. മണിപ്പൂരിലേക്ക് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ആളായാണ്'; രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരും സ്വയം രാജ്യസ്‌നേഹികളെന്ന് കരുതുന്നവരും മണിപ്പൂരിലേക്ക് വരികയും ഇവിടെയുള്ളവരെ ചേര്‍ത്ത് നിര്‍ത്തുകയും സമാധാനം കൊണ്ടുവരുകയും വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. 'നരേന്ദ്രമോദിക്ക് ഒരു സന്ദേശം നല്‍കാനുണ്ട്. പ്രധാനമന്ത്രി ഇവിടെ വരേണ്ടതുണ്ട്. മണിപ്പൂരിലെ ജനങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മണിപ്പൂരില്‍ നടക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യാ സര്‍ക്കാരിന്റെ അഭിമാനമായ സംസ്ഥാനമെന്ന നിലയില്‍ പ്രധാനമന്ത്രി ഇത്രയെങ്കിലും ചെയ്യണം. ഒരു ദുരന്തവും സംഭവിച്ചിരുന്നില്ലെങ്കിലും പ്രധാനമന്ത്രി മണിപ്പൂരില്‍ വരണം. അത് മണിപ്പൂരിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും'; രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags