മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
maniksahatripuracm

അഗര്‍ത്തല : ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ രാവിലെ പതിനൊന്നരയ്ക്കായിരുന്നു ചടങ്ങ്.ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് നിലവില്‍ മണിക് സാഹ. ദന്ത ഡോക്ടറായിരുന്ന 2016 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിപ്ളവ്കുമാര്‍ ദേബ് ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതൃമാറ്റം നടപ്പാക്കി മുഖം മിനുക്കാന്‍ ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്ളവ് കുമാര്‍ ദേബിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ എതിര്‍പ്പും ഭരണത്തിനെതിരായ ജനവികാരവും പരിഗണിച്ചാണ് തീരുമാനം. ദില്ലിയിലേക്ക് വിളിപ്പിച്ച്‌ വരുത്തി അമിത് ഷായാണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്ളവ് ദേബിനെ അറിയിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിക്കാണ് ബിപ്ളവ്കുമാര്‍ ദേബ് ഗവര്‍ണ്ണര്‍ എസ്‌എന്‍ ആര്യയെ കണ്ട് ദേബ് രാജി നല്‍കി.

Share this story