സർക്കാർ ഹോസ്റ്റലിൽ വിളമ്പിയ ഉപ്പുമാവിൽ പല്ലി; 35 വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറിളക്കവും; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

hostel

ഹൈദരാബാദ്: ഹോസ്റ്റലിൽ നിന്നും നൽകിയ പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഭക്ഷണം കഴിച്ച കുട്ടികൾക്ക്  ഛർദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ മേഡക് ജില്ലയിലെ രാമയംപേട്ട ടിജി മോഡൽ സ്‌കൂളിലാണ് സംഭവം. 

സർക്കാർ ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് വിളമ്പിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടത്. വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ തന്നെ സ്‌കൂൾ അധികൃതർ വൈദ്യസഹായം നൽകുകയും വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിഷയത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും സ്‌കൂൾ അടുക്കളകളിൽ കർശനമായ ശുചിത്വ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെൻ്റ് ഉറപ്പുനൽകി. പാചകക്കാരനും സഹായിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു. ഭക്ഷണം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു.

Tags