ലഖിംപുര്‍ ഖേരി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
langipur

അലഹബാദ് : നാല് കര്‍ഷകരുള്‍പ്പെടെ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ ഖേരി സംഭവത്തില്‍ ​പ്രതികളുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈകോടതി തള്ളി.മുഖ്യപ്രതിയായ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ കൂട്ടാളികളായ സുമിത് ജയ്സ്വാള്‍, അങ്കിത് ദാസ്, ശിശ്പാല്‍, ലവ്കുശ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബു ബനാറസി ദാസിന്റെ പൗത്രനാണ് അങ്കിത് ദാസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്നത്.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളു​ണ്ടെന്ന് ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്ര കര്‍ഷകരെ ഭീഷണി​പ്പെടുത്തിയിരുന്നില്ലെങ്കില്‍ ലഖിംപുര്‍ ഖേരി സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ വാക്കുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി, ഉന്നത പദവികള്‍ വഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാന്യമായ ഭാഷയില്‍ സംസാരിക്കണം.

ഉന്നത പദവികളുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ നിരുത്തരവാദ പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശത്ത് ഗുസ്തി മത്സരം വിലക്കാതിരുന്നതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ഈ പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആശിഷ് മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യാതിഥികളായതിനെയും കോടതി വിമര്‍ശിച്ചു.

Share this story