ഹൃദയാഘാതത്തെ തുടർന്ന് കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
ചാമരാജനഗർ: കർണാടകയിൽ എട്ട് വയസ്സുകാരിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. ചാമരാജനഗറിലെ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം കുട്ടിക്ക് ഹൃദയ സംബന്ധിയായ മറ്റ് അസുഖങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞയാഴ്ച, ഉത്തർപ്രദേശിലെ അലിഗഡിലെ സ്‌കൂളിൽ കായിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് നാല് വയസ്സുള്ള ആൺകുട്ടി മരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിയതിന് തൊട്ടുപിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമാനമായ മറ്റൊരു സംഭവത്തിൽ സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ ലഖ്‌നോയിൽ ഒമ്പത് വയസ്സുകാരി സ്‌കൂളിൽ കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു.