പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ബിജെപി പ്രവര്‍ത്തകന്റെ ക്രൂര മര്‍ദ്ദനം

google news
attack

കര്‍ണാടകയില്‍ പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ബിജെപി പ്രവര്‍ത്തകന്റെ ക്രൂര മര്‍ദ്ദനം. ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷാണ് ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായത്. 

ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന സംഗീതയെ പ്രകോപനമില്ലാതെ ബാഗല്‍കോട്ട് ടൗണില്‍ തടഞ്ഞു നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് തെറിച്ച് വീണ് തലയ്ക്കും മുറിവേറ്റു. ഭര്‍ത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാര്‍ ആരും ഇടപെട്ടില്ല. എല്ലാവരും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഭര്‍ത്താവ്, മഹന്തേഷിനെ തടയാന്‍ ശ്രമിക്കുന്നതും നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബിജെപി ജനറല്‍ സെക്രട്ടറി രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷെന്നും രാജു നായ്ക്കറുമായുള്ള വസ്തു തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും യുവതി പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന കുടുംബവീട് ബിജെപി ജനറല്‍ സെക്രട്ടറി രാജു നായ്ക്കര്‍ക്ക് സംഗീതയുടെ അമ്മാവന്‍ ചെറിയ തുകയ്ക്ക് വിറ്റിരുന്നു. സംഗീതയേയും മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവന്‍ വില്‍പ്പന നടത്തിയത്. 

പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. രാജു നായ്ക്കറുടെ അനുയായിയും സംഗീതയുടെ അയല്‍വാസിയുമാണ് മഹന്തേഷ്.

Tags