രാജ്യത്തെ വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; പ്രതിപക്ഷ പാർട്ടികൾ

google news
2014 – 2017 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പരിവാര്‍വാദികള്‍ തന്നെ അനുവദിച്ചില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെൽഹി: രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്‌ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്‌തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ മൗനമെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.

വർഗീയ കലാപം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജനങ്ങൾ സാമുദായിക സൗഹാർദ്ദം കാത്തുസൂക്ഷിച്ച് സമാധാനം പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഎം, ആർജെഡി അടക്കമുള്ള പാർട്ടികളാണ് സംയുക്‌ത പ്രസ്‌താവന പുറത്തിറക്കിയത്. അതേസമയം ആം ആദ്‌മി പാർട്ടി ബിഎസ്‌പി, എസ്‌പി എന്നീ പാർട്ടികൾ പ്രസ്‌താവനയിൽ ഒപ്പു വെച്ചില്ല.

ഭക്ഷണം, വസ്‌ത്രധാരണം, വിശ്വാസം, ഉൽസവങ്ങൾ, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നമ്മുടെ സമൂഹത്തെ ധ്രുവീകരിക്കാൻ ഭരണ സ്‌ഥാപനത്തിലെ വിഭാഗങ്ങൾ ബോധപൂർവം ഉപയോഗിക്കുന്ന രീതിയിൽ ഞങ്ങൾ അങ്ങേയറ്റം വേദനിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറഞ്ഞു. നമ്മുടെ രാജ്യം അതിന്റെ വൈവിധ്യങ്ങളെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ആഘോഷിക്കുകയും ചെയ്‌താൽ മാത്രമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന ഉറച്ച ബോധ്യമുണ്ട്.

വിദ്വേഷ പ്രസംഗം പ്രോൽസാഹിപ്പിക്കുകയും വിദ്വേഷ പ്രസം​ഗം നടത്തുന്നവർക്കും ഭരണകൂടം സംരക്ഷണം നൽകുന്നു. വിദ്വേഷ പ്രസംഗം വർധിക്കുന്നതിൽ ആശങ്കയുണ്ട്. വിദ്വേഷ പ്രസം​ഗം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല; പ്രസ്‌താവന കുറ്റപ്പെടുത്തി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയെ ദുരുപയോ​ഗം ചെയ്യുന്നതിനെയും പ്രതിപക്ഷം വിമർശിച്ചു. സമാധാനം നിലനിർത്താനും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്‌തികളെ പരാജയപ്പെടുത്താനും ഞങ്ങൾ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർഥിക്കുന്നുവെന്നും പ്രസ്‌താവനയിൽ പറയുന്നു.

Tags