' അഹങ്കാരം നമ്മളെ ലക്ഷ്യത്തില്‍നിന്നും അകറ്റുന്നു എന്ന് കോഹ്ലി പറഞ്ഞത് എത്ര ശരിയാണ്, അതും മോദിക്ക് ജൂണ്‍ നാലിന് മനസിലായി ; പ്രധാനമന്ത്രിയെ ട്രോളി ജയറാം രമേശ്

rohit

വിരാട് കോഹ്‌ലിയുടെ ലോകകപ്പ് അനുഭവപരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനായുധമാക്കി മാറ്റി കോണ്‍ഗ്രസ്. കോഹ്‌ലിയുടെ പരാമര്‍ശത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയുമായി കൂട്ടിച്ചേര്‍ത്തായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കവെ തന്റെ ലോകകപ്പ് അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു കോഹ്ലി. 'ടീമിനായി ഞാന്‍ ആഗ്രഹിച്ച സംഭാവന ടൂര്‍ണമെന്റിലുടനീളം നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ടീമിനോട് ഞാന്‍ നീതി പുലര്‍ത്തിയില്ലെന്ന് രാഹുല്‍ ഭായിയോട് (ദ്രാവിഡ്) ഞാന്‍ പറഞ്ഞു. എന്നാല്‍ സമയമാകുമ്പോള്‍ നല്ല പ്രകടനം നടത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.'
'മൈതാനത്ത് ഞാന്‍ ചെയ്യാന്‍ ശ്രമിച്ചതൊന്നും എന്നാല്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങനെ അത് ചെയ്യുമെന്ന് നമ്മള്‍ വിചാരിച്ചാല്‍, നമ്മളുടെ അഹങ്കാരം കേന്ദ്രസ്ഥാനത്ത് എത്തുന്നു. ഇത് ഗെയിമിനെ നമ്മളില്‍ നിന്ന് അകറ്റുന്നു'; കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇതിലെ അഹങ്കാര പരാമര്‍ശം എടുത്തുകാട്ടിയാണ് മോദിക്കെതിരെ ജയറാം രമേശ് വിമര്‍ശനം ഉന്നയിച്ചത്. ' അഹങ്കാരം നമ്മളെ ലക്ഷ്യത്തില്‍നിന്നും അകറ്റുന്നു എന്ന് കോഹ്ലി പറഞ്ഞത് എത്ര ശരിയാണ്. അതും മോദിക്ക് ജൂണ്‍ നാലിന് അത് മനസിലായതുമാണ്'; ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരണമൊരുക്കിയിരുന്നു. ഇന്ത്യയില്‍ വിമാനമിറങ്ങിയയുടന്‍ താരങ്ങള്‍ ആദ്യം പോയതും പ്രധാനമന്ത്രിയുടെ വസതിയിലേക്കായിരുന്നു.

Tags