എച്ച്എംപി വൈറസ് ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ
ഡല്‍ഹി: ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു.
ഇപ്പോള്‍ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. എച്ച്എംപിവി പുതിയ വൈറസ് അല്ല അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ട്.
ആരോഗ്യവിദഗ്ധര്‍ ഇതിനോടകം എച്ച്എംപിവി വൈറസിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. 2001ല്‍ കണ്ടെത്തിയ ഈ വൈറസ് വര്‍ഷങ്ങളായി ലോകത്താകെയുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും ഈ രോഗം വരാം. ശൈത്യകാലത്താണ് ഇതിന്റെ വ്യാപനം കൂടുതല്‍.
ചൈനയിലെ എച്ച്എംപിവി വ്യാപനത്തെ ആരോഗ്യമന്ത്രാലയവും ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അയല്‍ രാജ്യങ്ങളിലെ സ്ഥിതിയും നിരീക്ഷിക്കുന്നുണ്ടെന്നും ജെപി നദ്ദ പറഞ്ഞു. കര്‍ണാടകയില്‍ രണ്ടു കേസുകളും ഗുജറാത്തില്‍ ഒരു കേസും ചെന്നൈയില്‍ രണ്ടു കേസുകളുമാണ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്എംപിവി കേസുകള്‍.