ഡല്‍ഹിയില്‍ കനത്ത മഴ ; മരണ സംഖ്യ 11 ആയി

delhi

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ആറ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മഴക്കെടുതിയില്‍ തലസ്ഥാന നഗരിയിലെ മരണസംഖ്യ 11 ആയി. തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ റേക്കോര്‍ഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം കനത്ത മഴയാണ് ശനിയാഴ്ചയും പെയ്തത്. അതിശക്തമായ മഴ മൂലം നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങള്‍ പാടെ തകരാറിലായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്.
ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റ് തകര്‍ന്നത്. മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ 10 ഉം 12 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ശനിയാഴ്ച സമയ്പൂര്‍ ബദ്‌ലിക്ക് സമീപമുള്ള സിരാസ്പൂരില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഓഖ്‌ല അടിപ്പാതയില്‍ കുമാര്‍ ചൗധരി (60) എന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലായ അടിപ്പാതയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ ചൗധരി ഓടിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags