ഹഥ്‌റാസ് ദുരന്തം : ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കുമെന്ന് യോഗി ആദിത്യ

yogi

ഉത്തർപ്രദേശ് : ആൾദൈവം ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയതായി ആ​രോഗ്യ വകുപ്പ് അറിയിച്ചു.

 അതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.  ദുരന്തം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാൻ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും യോഗി ഉത്തരവിട്ടു.

‘ഇത്തരമൊരു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും അപലപനീയവുമാണ്. വിഷയം സർക്കാർ ഇതിനകം തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ട്.

 ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കും. ഏറ്റവും താഴേത്തട്ടിൽ വരെ അന്വേഷണം നടക്കും. ഉത്തരവാദികൾക്ക് ഉചിതമായ ശിക്ഷ നൽകുകയും ചെയ്യും’ -അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

 സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണ്. പ്രാദേശിക സംഘാടകരാണ് 'ഭോലേ ബാബ'യുടെ പരിപാടി സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് പ്രഭാഷകൻ വേദിയിൽനിന്ന് ഇറങ്ങിവരുമ്പോൾ അദ്ദേഹത്തെ തൊടാൻ ഭക്തജനങ്ങൾ തിരക്ക് കൂട്ടിത്തുടങ്ങി. വളന്റിയർമാർ അവരെ തടഞ്ഞപ്പോഴാണ് ദുരന്തം സംഭവിച്ചത്.

മുഴുവൻ കാര്യങ്ങളും അന്വേഷിക്കാൻ ആഗ്ര അഡീഷണൽ ഡിജിപിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അവരോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്’ -യു.പി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും മന്ത്രിമാരായ ചൗധരി ലക്ഷ്മി നാരായൺ, സന്ദീപ് സിങ്, അസിം അരുൺ എന്നിവരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags