ഹാഥ്‌റസ് ദുരന്തം: ഭോലെ ബാബയുടെ സഹായിയായ മുഖ്യപ്രതി ദേവപ്രകാശ് മധുകര്‍ അറസ്റ്റില്‍

hathras

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഉണ്ടായ അപകടത്തിലെ പ്രധാന പ്രതിയും സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ ബോലെ ഭാഭയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്രാസ് പൊലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഹാഥ്‌റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്‌റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന്‍ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ദേവ് പ്രകാശ് മധുകര്‍ ചികിത്സയിലായിരുന്നതിനാല്‍ ഡല്‍ഹിയിലെ പൊലീസിനെയും എസ്‌ഐടിയെയും എസ്ടിഎഫിനെയും വിളിച്ചുവരുത്തിയാണ് കീഴടങ്ങിയതെന്ന് എപി സിംഗ് പറഞ്ഞു. 'ഞങ്ങള്‍ ഒരു തെറ്റും ചെയ്യാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം മധുകര്‍ എഞ്ചിനീയറും ഹൃദ്രോഗിയുമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിനാല്‍ അന്വേഷണത്തോട് സഹകരിക്കാനായി കീഴടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു'വെന്നും എപി സിങ് പറഞ്ഞു.

ഹാഥ്‌റസ് അപകടം നടന്നതിന് ശേഷം ആള്‍ദൈവം ഭോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 121 പേരാണ് ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

Tags