ഹാഥറസ് ദുരന്തത്തിനു കാരണമായത് പെട്ടെന്നുണ്ടായ തിക്കും തിരക്കുമെന്ന് റിപ്പോർട്ട്

hathras

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഹാഥറസിൽ 121 പേരുടെ മരണത്തിനിടയാക്കിയ പ്രാർഥന യോഗത്തിൽ ദുരന്തത്തിനു കാരണമായത് പെട്ടെന്നുണ്ടായ തിക്കും തിരക്കുമെന്ന് റിപ്പോർട്ട്.

 പ്രത്യേക അന്വേഷണ സംഘം യോഗി ആദിത്യനാഥ് സർക്കാരിനാണ് കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചത്. ആഗ്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് അനുപം കുൽശ്രേഷ്ഠ, അലിഗഡ് ഡിവിഷണൽ കമ്മീഷണർ ചൈത്ര. വി എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്വയം പ്രഖ്യാപിത ആൾ ദൈവം സാകർ വിശ്വ ഹരി ഭോലെ ബാബയുടെ പ്രാർഥന സംഗമത്തിലാണ് തിരക്കിൽ പെട്ട് 121 പേർ ദാരുണമായി കൊല്ലപ്പെട്ടത്. സംഗമത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉൾപ്പെടെ 128 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് പരിശോധിക്കും. ജൂലൈ രണ്ടിന് നടന്ന പരിപാടിയുടെ മുഖ്യ സംഘാടകൻ ദേവപ്രകാശ് മധുകർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിലായിയിട്ടുണ്ട്. മുഖ്യ സംഘാടകനായ സാകർ വിശ്വ ഹരി ഭോലെ ബാബ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 50000ത്തിലധികം ആൾക്കാർ ഒത്തുകൂടിയ ചടങ്ങ് അവസാനിക്കുന്നതിനു തൊട്ടു മുമ്പായിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം.

അതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിനു പുറമെ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ പാനലും അന്വേഷണം നടത്തുന്നുണ്ട്.

Tags