വിക്രവാണ്ടിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഗര്‍ഭിണികളും സ്‌കൂള്‍ വിദ്യാര്‍ഥികളും രോഗികളും വരേണ്ട ; നിര്‍ദേശവുമായി വിജയ്

vijay 1
vijay 1

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശങ്ങളുമായി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്. വിക്രവാണ്ടിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഗര്‍ഭിണികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ദീര്‍ഘകാലമായി രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ല.

വീട്ടില്‍ സുരക്ഷിതമായി ഇരുന്നു ടിവിയില്‍ സമ്മേളനം കണ്ടാല്‍ മതിയെന്നും വിജയ് അഭ്യര്‍ഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയില്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു.

യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. പ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണമെന്നും വിജയ് ഓര്‍മിപ്പിച്ചു.

മദ്യപിച്ച ശേഷം ആരും യോഗത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്ക് സുരക്ഷയും സൗകര്യവും നല്‍കണമെന്നും മുന്‍പു നിര്‍ദേശിച്ചിരുന്നു.

ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന പ്രവര്‍ത്തകര്‍ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, സംസ്ഥാന ഭാരവാഹികള്‍, നയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കര്‍മപദ്ധതി എന്നിവ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

Tags