ശ്രീലങ്കൻ നാവികസേന പിടികൂടിയ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണം : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ


ചെന്നൈ: തമിഴ്‌നാട്ടിലെ ധനുഷ്‌കോടിക്ക് സമീപം മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
32 പേർ തമിഴ്‌നാട്ടിൽ സ്വദേശികളും രണ്ട് പേർ കേരളത്തിൽനിന്നുള്ളവരുമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്ന് സ്റ്റാലിൻ കേന്ദ്രത്തോട് അഭ്യർഥിച്ചു.
മത്സ്യത്തൊഴിലാളികൾ രാമേശ്വരം ഹാർബറിൽ നിന്ന് മൂന്ന് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയതായും ജനുവരി 25ന് അവരുടെ ബോട്ടുകൾ സഹിതം അറസ്റ്റ് ചെയ്തതായും സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചു.
'ധനുഷ്കോടിക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടി. നമ്മുടെ മത്സ്യത്തൊഴിലാളികൾ അടിക്കടി തടങ്കലിൽ പെടുന്നത് തീരദേശവാസികളെ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുന്നു. നമ്മുടെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് തടയാൻ കൃത്യമായ നയതന്ത്ര നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്' -സ്റ്റാലിൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് തടയുന്നതിനും അറസ്റ്റിലായ എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളെയും ശ്രീലങ്കൻ അധികാരികളിൽ നിന്ന് ഉടൻ മോചിപ്പിക്കുന്നതിന് നയതന്ത്ര മാർഗങ്ങളിലൂടെ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
