തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം ; 6 മരണം
ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഭൂരിഭാഗം പടക്ക ഫാക്ടറികളും സ്ഥിതി ചെയ്യുന്ന വിരുദുനഗർ ജില്ലയിലാണ് സംഭവം. 1,150 ഫാക്ടറികളിലായി ഏകദേശം നാല് ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അപകടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കഴിഞ്ഞ വർഷം വിരുദുനഗറിൽ പടക്ക ഫാക്ടറികളിൽ 17 അപകടങ്ങൾ ഉണ്ടായി. സെപ്റ്റംബറിൽ സ്റ്റാലിൻ പടക്ക ഫാക്ടറി സന്ദർശിക്കുകയും ഇത്തരം അപകടങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാൻ പടക്ക ഫാക്ടറി ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.