ഏഴു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു ; പങ്കാളിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

gun

പങ്കാളിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ ലേക്ക് ഗാര്‍ഡന്‍സ് ഏരിയയിലെ ഗസ്റ്റ് ഹൗസില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലെ താമസക്കാരാണ് രാകേഷ് കുമാര്‍ ഷായും പങ്കാളി നിക്കു കുമാരി ദുബെയും. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരും കൊല്‍ക്കത്തയിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. വൈകിട്ട് നാലരയോടെ ഗസ്റ്റ് ഹൗസില്‍ ഒരു വെടിയൊച്ച മുഴങ്ങുകയായിരുന്നു. തന്റെ തുടയില്‍ രാകേഷ് വെടിയുതിര്‍ത്തുവെന്ന് പറഞ്ഞ് നിക്കു റിസപ്ഷനിലേക്ക് ഓടിയെത്തി. 

റിസപ്ഷനിസ്റ്റുകള്‍ നിക്കുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് മറ്റൊരു വെടിയൊച്ച കേട്ടത്. ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

നിക്കുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിവയറ്റിലും തുടയിലുമാണ് വെടിയേറ്റതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഏകദേശം ഏഴ് വര്‍ഷത്തോളമായി നിക്കുവും രാകേഷും ഒന്നിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാന്‍ യുവതി ആഗ്രഹിച്ചു. ഇതാണ് രാകേഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Tags