കെജ്രിവാള്‍ നുണകളുടെ സര്‍വ വിജ്ഞാനകോശം : ജെ.പി. നഡ്ഡ

JP Nadda
JP Nadda

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ. കെജ്രിവാള്‍ നുണകളുടെ സര്‍വ വിജ്ഞാനകോശമാണെന്നും നവീനമായ അഴിമതിക്ക് അദ്ദേഹം നേതൃത്വം നല്‍കിയെന്നും ഡല്‍ഹി മദ്യ അഴിമതിക്കേസ് ഉദാഹരിച്ചുകൊണ്ട് നഡ്ഡ ആരോപിച്ചു. ഇന്ത്യാ ടുഡേയുമായി നടത്തിയ സംഭാഷണത്തിലാണ് നഡ്ഡയുടെ പരാമര്‍ശം.

ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്‌രിവാളിന്റെ ഭരണത്തില്‍ നിരാശരാണെന്നും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണം കൊണ്ടുവരാന്‍ തയ്യാറായിരിക്കുകയാണെന്നും നഡ്ഡ പറഞ്ഞു.

'ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ അഴിമതിയും ഭരണവും അവര്‍ക്ക് മടുത്തു. കെജ്രിവാള്‍ നുണകളുടെ സര്‍വ വിജ്ഞാനകോശമാണ്. അത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അഴിമതിയുടെ പുതിയ വഴികള്‍ കൊണ്ടുവരുന്നതില്‍ ഡല്‍ഹിയിലെ എ.എ.പി. പാര്‍ട്ടി എല്ലാവരേയും പിന്നിലാക്കി. മദ്യ അഴിമതിക്കേസ് പരിശോധിച്ചാല്‍ അഴിമതിക്ക് കെജ്‌രിവാള്‍ പ്രയോഗിക്കുന്ന പുതിയ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് കാണാം', നഡ്ഡ ആരോപിച്ചു.

ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കുമെന്നും നഡ്ഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 

Tags