'മഹാരാഷ്ട്രയില്‍ വോട്ടെണ്ണിയപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ അധികം' : ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുംബൈ : മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 5,04,313 വോട്ട് കൂടുതല്‍ എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയതെന്നും കമ്മീഷന്‍ വിവരിച്ചു.
ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമില്ലെന്നും പോസ്റ്റല്‍ ബാലറ്റ് ആണ് അധിക വോട്ടായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ഇ വി എം വോട്ടുകളില്‍ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്.
നേരത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഫല പ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 5,04,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ ചൂണ്ടികാട്ടിയത്.