ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് ഇഡി സുപ്രീം കോടതിയില്‍

hemant soren

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഇഡി പറയുന്നത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതില്‍ തെറ്റ് പറ്റിയെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു.

ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു ഇഡി അറസ്റ്റ്. ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറന്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. പിന്നാലെ 2024 ഫെബ്രുവരി രണ്ടിന് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അഞ്ച് മാസത്തിന് ശേഷം ജൂണ്‍ 28ന് ഹേമന്ത് സോറന്‍ ഭൂമി കുംഭകോണക്കേസില്‍ ജാമ്യത്തിലിറങ്ങി. കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ജാര്‍ഖണ്ഡിന്റെ 13ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. 

Tags