ഡൽഹി ജുമാമസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത് വലിയ ആഗതം ഉണ്ടാക്കും : എ.എസ്.ഐ ഡൽഹി ഹൈകോടതിയിൽ
ന്യൂഡൽഹി: ചരിത്രപ്രധാനമായ ഡൽഹി ജുമാമസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നത് വലിയ ആഘാതമുണ്ടാക്കുമെന്നും അതിനായി നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ദേശീയ പുരാവസ്തു വകുപ്പ് ഡൽഹി ഹൈകോടതിയിൽ.
വിഷയത്തിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജികൾക്ക് പ്രതികരണമായി നൽകിയ സത്യവാങ്മൂലത്തിലാണ് സംരക്ഷിത സ്മാരകമാക്കിയാൽ കൂടുതൽ നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ടുവരേണ്ടിവരുമെന്ന് കേന്ദ്ര സർക്കാറിനായി ഹാജരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചത്.
നിലവിൽ ഡൽഹി വഖഫ് ബോർഡിന് കീഴിലും സംരക്ഷണത്തിലും ആണെങ്കിലും ഇതിന്റെ പരിരക്ഷയും സംരക്ഷണ നടപടികളും നടത്തുന്നത് തങ്ങളാണെന്ന് എ.എസ്.ഐ പറഞ്ഞു.
ഇത് പരിഗണിച്ച്, ജുമാമസ്ജിദ് സംരക്ഷിത സ്മാരകമായി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും പരാതിക്കാർക്ക് അഭിപ്രായമറിയിക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് അധ്യക്ഷയായ ബെഞ്ച് വാക്കാൻ അറിയിച്ചു. എന്നാൽ, പള്ളിയുടെ ഭരണം മെച്ചപ്പെടുത്താനുള്ള വഴികൾ ആലോചിക്കുമെന്ന് ജസ്റ്റിസ് അമിത് ശർമകൂടി അംഗമായ ബെഞ്ച് കൂട്ടിച്ചേർത്തു.