തെലങ്കാനയില്‍ ദളിത് യുവാവ് മരിച്ച നിലയില്‍; മുഖം പാറക്കല്ലുകള്‍കൊണ്ട് അടിച്ചു തകര്‍ത്തു; ദുരഭിമാനക്കൊലയെന്ന് കുടുംബം


നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് അരികില്‍ കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്
തെലങ്കാനയില്‍ ദളിത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണ (32) എന്നയാളെയാണ് കഴിഞ്ഞ ദിവസം രാവിലെ നദിക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്താണ് സംഭവം. മരണം സംഭവിച്ചിരിക്കുന്നത് ഞായറാഴ്ച രാത്രിയിലാണെന്നാണ് ലോക്കല്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. മകന്റെ മരണം ദുരഭിമാനക്കൊലയാണെന്നാണ് പിതാവും കുടുംബാംഗങ്ങളും ആരോപിക്കുന്നത്. യുവാവിന്റെ ഭാര്യ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
ആറ് മാസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കൃഷ്ണയും, ഭാര്‍ഗവിയും വിവാഹിതരാകുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പായിരിക്കാം കൊലപാതകത്തിന് കാരണമെന്ന് കൃഷ്ണയുടെ പിതാവ് പറയുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം കൃഷ്ണയുടെ സുഹൃത്ത് ഫോണ്‍ വിളിച്ചതായും തുടര്‍ന്ന് വീട്ടില്‍ നിന്ന് പോയതായും ഭാര്യ ഭാര്‍ഗവി പൊലീസിനോട് പറഞ്ഞു.
നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്രവാഹനത്തിന് അരികില്‍ കിടക്കുന്ന നിലയിലാണ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. മുഖം പാറക്കല്ലുകള്‍ കൊണ്ട് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സൂര്യപേട്ട ടൗണില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ കൃഷ്ണ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
