സുഹൃത്തുക്കളുടെ ഭീഷണിയില്‍ ദൃശ്യങ്ങള്‍ അയച്ചു; ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചതില്‍ മൂന്നുപേരെ കസ്റ്റഡിയില്‍ വിട്ടു

google news
bathroom



ദില്ലി: ചണ്ഡീഗഡ് സര്‍വകലാശാല ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ്  ദൃശ്യങ്ങള്‍ അയച്ചതെന്ന് അറസ്റ്റിലായ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. 

സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന ആരോപണം നേരിടുന്ന വിദ്യാര്‍ത്ഥിനി, കാമുകനായ ഷിംല സ്വദേശി , ഇയാളുടെ സുഹൃത്ത് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. ഇന്ന് വൈകീട്ടാണ് മൂന്ന് പേരെയും മൊഹാലിയിലെ ഖറാര്‍ കോടതിയില്‍ ഹാജരാക്കിയത്. 

ചോദ്യം ചെയ്യലിനായി ഒരാഴ്ചത്തേക്കാണ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സുഹൃത്ത് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ അയച്ചു നല്‍കിയതെന്നും പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനിടെ പ്രതികളുടെ ഫോണില്‍നിന്നും ഒരു ദൃശ്യംകൂടി കിട്ടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. 


കൂടുതല്‍ ദൃശ്യങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികള്‍ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സര്‍വകലാശാലക്കകത്ത് രണ്ട് ദിവസമായി പ്രതിഷേധം തുടര്‍ന്ന വിദ്യാര്‍ത്ഥികളുമായി ഇന്ന് പുലര്‍ച്ചെയാണ് സര്‍വകലാശാല അധികൃതരും പൊലീസും ചര്‍ച്ച നടത്തിയത്. 


കേസന്വേഷണ പുരോഗതി പത്തംഗ വിദ്യാര്‍ത്ഥി കമ്മറ്റിയെ അറിയിക്കുക, വിദ്യാര്‍ത്ഥികളുടെ പരാതി കൃത്യ സമയത്ത് പൊലീസിനെ അറിയിക്കാതിരുന്ന ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്യുക, ഹോസ്റ്റല്‍ കെട്ടിടം അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. രണ്ട് ഹോസ്റ്റല്‍ വാര്‍ഡന്‍മാരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍, മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു.
 

Tags