അലിഗഡിലെ ഒരു സ്കൂളിനുള്ളില്‍ എത്തിയ മുതലയെ കണ്ട് പേടിച്ച് കുട്ടികള്‍

google news
croco

അലിഗഡ്: സ്കൂളിനുള്ളില്‍ എത്തിയ മുതലയെ കണ്ട് പേടിച്ച് കുട്ടികള്‍. ഉത്തര്‍പ്രദേശിലെ അലിഗ‍ഡിലുള്ള കാസിംപൂർ ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിനുള്ളിലാണ് മുതലയെ കണ്ടെത്തിയത്. സ്കൂളിലെത്തി മുതലയെ പിടികൂടി ഗംഗ നദിയില്‍ തുറന്നു വിട്ടെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ദിവാകര്‍ വസിഷ്ഠ് പറഞ്ഞു. സ്കൂളില്‍ മുതലയെ കണ്ടതോടെ കുട്ടികളും അധ്യാപകരും ഭയന്നു പോയി. ഗ്രാമവാസികള്‍ ഉടന്‍ വടികള്‍ ഉള്‍പ്പടെയുമായെത്തി ആര്‍ക്കും അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു.

ഒടുവില്‍ ക്ലാസ് റൂമിനുള്ളില്‍ മുതയെ പൂട്ടാന്‍ സാധിച്ചതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. ഇതിന് ശേഷമാണ് അധികൃതരെത്തി മുതലയെ പിടികൂടിയത്. ഈ പ്രദേശത്ത് നിരവധി അരുവികൾ ഉണ്ട്. ഗംഗ നദിയും സമീപത്ത് തന്നെയാണ് ഒഴുകുന്നത്. ഗ്രാമത്തിലെ കുളത്തിൽ നിരവധി മുതലകളെ കണ്ട കാര്യം ഗ്രാമവാസികൾ പലതവണ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് സ്കൂള്‍ അധികൃതര്‍ പരാതിപ്പെട്ടു.

വെള്ളപ്പൊക്ക സമയത്ത് മുതല എങ്ങനെയോ  അരുവികളിൽ നിന്ന് ഗ്രാമത്തിലെ കുളത്തിലേക്ക് എത്തിയതായിരിക്കുമെന്നും അവിടെ നിന്നാകും സ്കൂളിലേക്ക് വന്നതെന്നും ഗ്രാമവാസികള്‍ പറഞ്ഞു. കുളത്തിൽ കൂടുതൽ മുതലകളുണ്ടോയെന്ന് പരിശോധിക്കാൻ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി ഡിഎഫ്ഒ അറിയിച്ചു. കൂടുതല്‍ മുതലകളെ കണ്ടെത്തിയാൽ ഇവരെയും പിടികൂടി നദിയിൽ വിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags