പാംഗോങ് തടാകത്തിന് സമീപം ആയുധങ്ങളും ഇന്ധനവും സൂക്ഷിക്കാനായി ബങ്കറുകൾ നിർമിച്ച് ചൈന

pangong

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിന് സമീപം നിർമാണ പ്രവർത്തനങ്ങളുമായി ചൈന. ആയുധങ്ങളും ഇന്ധനവും സൂക്ഷിക്കാനായി ബങ്കറുകളാണ് ചൈന നിർമിച്ചിരിക്കുന്നത്. ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും ബങ്കറുകൾക്കുള്ളിൽ ഉണ്ടെന്നാണ് സൂചന.

സിർജാപിൽ കേന്ദ്രീകരിച്ചിട്ടുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഘമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നില്ലെന്നാണ് സൂചന. സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. യഥാർഥ നിയന്ത്രണരേഖക്ക് സമീപം അഞ്ച് കിലോ മീറ്റർ അകലെയാണ് സംഭവം. 2020ൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷമുണ്ടാകുന്നത് വരെ പ്രദേശത്ത് മനുഷ്യവാസമുണ്ടായിരുന്നില്ല.

2021-22 കാലയളവിൽ ഇവിടെ ഭൂഗർഭ ബങ്കറുകൾ ചൈന നിർമിച്ചുവെന്നാണ് വിവരം. ബ്ലാക്ക് സ്കൈ എന്ന സ്ഥാപനമാണ് നിർമാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. എട്ട് കവാടങ്ങളുള്ള ബങ്കറും അഞ്ച് കവാടങ്ങളുള്ള ബങ്കറുമാണ് ചൈന നിർമിച്ചിരിക്കുന്നത്. ഇതിന് സമീപത്ത് തന്നെ വലിയൊരു ബങ്കറും കണ്ടെത്തിയിട്ടുണ്ട്.

വ്യോമാക്രമണത്തിൽ നിന്നും ആയുധധാരിയായ വാഹനങ്ങളെ സംരക്ഷിക്കുകയെന്നതെന്നാണ് ബങ്കറുകളുടെ പ്രധാന ദൗത്യമെന്ന് സൂചനയുണ്ട്. ഇവക്കാവശ്യമായ വസ്തുക്കളും ബങ്കറുകളിൽ ശേഖരിക്കും. ഗൽവാൻ താഴ്വരയിൽ നിന്നും 120 കിലോ മീറ്റർ മാത്രം അകലെയാണ് ബങ്കറുകൾ നിർമിച്ച സ്ഥലം. അതേസമയം, ചിത്രങ്ങൾ പുറത്ത് വന്നതിൽ ഇന്ത്യൻ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2020ൽ ഗൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതിന് പിന്നാലെയാണ് ബങ്കറുകളുടെ ചിത്രങ്ങൾ പുറത്ത് വന്നത്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

അതിർത്തിയിലെ തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സാധാരണനിലയിലാകുന്നതിന് തടസ്സമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും വിലയിരുത്തി.കസാക്കിസ്ഥാനിലെ അസ്താനയിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ആണ് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്.

Tags