ജാതിയുടെ പേരിൽ വിഷം പടർത്തുന്നാനും സാമൂഹിക ഘടനയെ ദുർബലപ്പെടുത്താനും ചിലർ ശ്രമിക്കുന്നു : പ്രധാനമന്ത്രി
ന്യൂഡൽഹി: ജാതിയുടെ പേരിൽ വിഷം പടർത്തുന്നാനും സാമൂഹിക ഘടനയെ ദുർബലപ്പെടുത്താനും ശ്രമിക്കുന്നതായി പ്രതിപക്ഷത്തെ ഉന്നമിട്ട് വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അത്തരം ഗൂഡാലോചനകളെ പരാജയപ്പെടുത്തി പൊതു പൈതൃകം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഗ്രാമീൺ ഭാരത് മഹോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഉൾപ്പെടെ ഇൻഡ്യ സഖ്യ നേതാക്കൾ ജാതി സെൻസസ് ആവശ്യപ്പെടുന്നതിനെയാണ് പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചത്.
ഗ്രാമീണ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പുവരുത്താനാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. ഗ്രാമങ്ങളെ വളർച്ചയുടെ കേന്ദ്രങ്ങളാക്കി ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കുകയാണ് സർക്കാറിന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.