മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ സിംഗിന് കീര്‍ത്തി ചക്ര സമ്മാനിച്ചു ; ഏറ്റുവാങ്ങി കുടുംബം

president

മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ സിംഗിന് കീര്‍ത്തി ചക്ര സമ്മാനിച്ചു. യുദ്ധമുഖത്തല്ലാതെ നടത്തുന്ന ധീരമായ പോരാട്ടത്തിന് ഭാരതത്തില്‍ നല്‍കപ്പെടുന്ന രണ്ടാമത്തെ പ്രധാന സൈനികബഹുമതിയാണ് കീര്‍ത്തി ചക്ര. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സിയാച്ചിനിലെ തീപിടിത്തത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിച്ചത്.

'സ്വന്തം സുരക്ഷ നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ ജവാന്റെ അസാധാരണമായ ധൈര്യം രാജ്യം എന്നും ഓര്‍ക്കും' എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു എക്‌സില്‍ കുറിച്ചിരുന്നു.

ഈ വേളയില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും അന്‍ഷുമാന്‍ സിങ്ങിന്റെ ഓര്‍മകളും പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സ്മൃതി. ' ജൂലൈ 18ന് ഞങ്ങള്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. അടുത്ത 50 കൊല്ലത്തെ ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംസാരിച്ചു. വീടുവയ്ക്കുന്നതിനെക്കുറിച്ചും പിറക്കാനിരിക്കുന്ന കുട്ടികളെക്കുറിച്ചും സംസാരിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തങ്ങളെ വിട്ടു പോയെന്ന് ഫോണ്‍ വരുന്നു. അത് ഉള്‍കൊള്ളാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു', ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ ഭാര്യ സ്മൃതി സിങ്ങ് നിറകണ്ണുകളോടെ ഓര്‍മ്മിച്ചു.

അന്‍ഷുമാനുമായുള്ള പ്രണയത്തെക്കുറിച്ചും സ്മൃതി വ്യക്തമാക്കി. 'എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായി. ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് എട്ടു വര്‍ഷം നീണ്ട പ്രണയം. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ കീര്‍ത്തി ചക്രം എന്റെ കൈയില്‍ ഉണ്ട്. അവന്‍ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയത്' സ്മൃതി പറഞ്ഞു.

അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയും അമ്മയും ചേര്‍ന്നാണ് രാഷ്ട്രപതിയില്‍ നിന്ന് കീര്‍ത്തിചക്രം ഏറ്റുവാങ്ങിയത്. 2023 ജൂലൈ 19 ന്, സിയാച്ചിന്‍ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തിലാണ് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗ് മരണപ്പെട്ടത്. ബങ്കറിനുള്ളില്‍ പെട്ടുപോയ സൈനികരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അന്‍ഷുമാന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടുകയായിരുന്നു.

Tags