യു പിയിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു : ബി.ജെ.പി എം.എൽ.എ
ലഖ്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ. ലോണി എം.എൽ.എ നന്ദ് കിഷോറാണ് ഗുജറാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
നമ്മുടെ സർക്കാറിന് കീഴിൽ പ്രതിദിനം 50,000 പശുക്കളെയാണ് കശാപ്പ് ചെയ്യുന്നത്. പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലായിടത്തും കൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എമാർക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. യോഗി ആദിത്യനാഥിന്റെ അനുവാദത്തോടെയാണോ ഇതെല്ലാം നടക്കുന്നതെന്നും ചിലർക്ക് സംശയമുണ്ട്. പൊലീസ് കോൺസ്റ്റബിൾമാർ കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോയും എം.എൽ.എ പങ്കുവെച്ചിട്ടുണ്ട്.
അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ ബി.ജെ.പിക്ക് 403 സീറ്റുകളിൽ 375 എണ്ണത്തിൽ വിജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.