മംഗളൂരുവിൽ കൊടും കുറ്റവാളി ഭരത് ഷെട്ടി ഗുണ്ട നിയമ പ്രകാരം അറസ്റ്റിൽ


മംഗളൂരു : ഗുരുതരമായ 13 ക്രിമിനൽ കേസുകളിൽ പ്രതിയായ ഭരത് ഷെട്ടിയെ(27) മംഗളൂരു സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്ത്കൽ ഇഡ്യ വില്ലേജിലെ കാൻ ആശ്രയ കോളനിയിൽ താമസിക്കുന്ന പ്രതിയെ ഗുണ്ട നിയമപ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റിലും ദക്ഷിണ കന്നട ജില്ലയിലും നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഭരത് ഷെട്ടിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം നബിദിന ആഘോഷത്തിനിടെ കാട്ടിപ്പള്ളയിലെ മൂന്നാം ബ്ലോക്കിലെ പള്ളിക്ക് നേരെ കല്ലേറ്, എമ്മെക്കെരെ സ്വദേശി രാഹുലിൻ്റെ കൊലപാതകം, ഒന്നിലധികം കൊലപാതകം, വധശ്രമം (നാല് കേസുകൾ) എന്നിവയാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ. തട്ടിപ്പ്, നിയമവിരുദ്ധമായി സംഘം ചേരൽ, ആക്രമണം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിൽ വ്യാപൃതനായി.
മുൻകാലങ്ങളിൽ ഒന്നിലധികം നിയമനടപടികൾ നേരിടേണ്ടി വന്നിട്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തുടർന്നു. കാട്ടിപ്പള്ള മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായ കല്ലേറ് കേസിൽ ഷെട്ടി നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുക്കുകയും ഗുണ്ട നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.